കാഞ്ഞങ്ങാട്: പ്രമുഖ സഹകാരിയും ഗോവ സ്വാതന്ത്ര്യ സമരസേനാനിയുമായ കെ.വി.നാരായണന് നൂറാംവയസിലേക്ക്. ഇന്നലെ അദ്ദേഹത്തിന് 99 വയസ് പൂര്‍ത്തിയായി. കാഞ്ഞങ്ങാട് ലക്ഷ്മിനഗറിലെ കിഴക്കേവീട്ടില്‍ പക്കീരന്റെയും നീലേശ്വരം തെരുവത്തെ ഉമ്പിച്ചിയുടെയും രണ്ടാമത്തെ മകനായി 1927 ജൂലൈ 17 നാണ് കെ.വി.നാരായണന്റെ ജനനം. നാലരപതിറ്റാണ്ടുകാലം ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡണ്ടായിരുന്ന കെ.വി.നാരായണന് നൂറാംവയസിലും പ്രസ്തുത സഹകരണ സ്ഥാപനത്തിന്റെ ഭരണസമിതി അംഗമാണ്. ഇടക്കിടെ ചേരുന്ന ഭരണസമിതി യോഗങ്ങളില്‍ അദ്ദേഹം കൃത്യമായി പങ്കെടുക്കുന്നുണ്ട്. ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കൂടാതെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡണ്ട് സ്ഥാനവും വൈസ് പ്രസിഡണ്ട് സ്ഥാനവും കെ.വി.നാരായണന് വഹിച്ചിട്ടുണ്ട്. നിലവില്‍ എച്ച്.ഭാസ്ക്കരന്‍ പ്രസിഡണ്ടായിട്ടുള്ള ഹോസ്ദുര്‍ഗ് താലൂക്ക് ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത് കെ.വി.നാരായണനാണ്. ദീര്‍ഘകാലം അതിന്റെ പ്രസിഡണ്ടായിരുന്നു. ആനന്ദാശ്രമത്തിലെ സ്വാമി രാംദാസ് ദാനമായി നല്കിയ സ്ഥലത്ത് രാംനഗര്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവി വീവേഴ്സ് സൊസൈറ്റി സ്ഥാപിച്ചത് കെ.വി.നാരായണനാണ്. ഇതിന്റെ പ്രഥമപ്രസിഡണ്ടും അദ്ദേഹം തന്നെ. 15 കൊല്ലക്കാലം പ്രസിഡണ്ട് സ്ഥാനത്ത് തുടര്‍ന്നു. നീലേശ്വരം വീവേഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ആസ്ഥാനമായുള്ള റെയ്ഡോകോയുടെ പ്രസിഡണ്ട്, കണ്ണൂര്‍ കണ്‍സ്യൂമര്‍ സൊസൈറ്റി ഭരണസമിതി അംഗം, ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, ചെറുകിട കര്‍ഷക വികസന ഏജന്‍സി അംഗം അങ്ങനെ നിരവധി സ്ഥാപനങ്ങളുടെ സാരഥ്യം കെ.വി.നാരായണന് വഹിച്ചു. വാര്‍ദ്ധക്യം മൂലം പടന്നക്കാട്ടെ വീട്ടില്‍ വിശ്രമത്തിലാണെങ്കിലും ഗോവ സമരത്തെകുറിച്ചും സഹകരണ സ്ഥാപനങ്ങളെകുറിച്ചും സംസാരിക്കുമ്പോള്‍ കെ.വി.നാരായണന് ഇപ്പോഴും നൂറ്നാവാണ്. കല്യാശ്ശേരി ലക്ഷ്മിപുരം ഹൗസില്‍ ലക്ഷ്മിയാണ് കെ.വി.നാരായണന്റെ സഹധര്‍മ്മിണി. വിവാഹത്തിന് മുമ്പ് ലക്ഷ്മി ഖാദിയില്‍ മാനേജരായിരുന്നു. വിവാഹാനന്തരം രണ്ട് സഹകരണ സ്ഥാപനങ്ങളില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വിരമിച്ചു. ഇവര്‍ക്ക് മൂന്ന് മക്കള്‍ ആശ, അനില്‍കുമാര്‍, അരുണ്‍കുമാര്‍.
ഗോവ സ്വാതന്ത്ര്യ സമരസേനാനി കെ.വി.നാരായണന് നൂറാം വയസിലേക്ക്