വധൂവരന്മാരുടെ മരണം: വിശദമായ അന്വേഷണത്തിന് പോലീസ്

ബേക്കല്‍: പ്രതിശ്രുത വധൂവരന്മാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്ക്ക് പോലീസ്. ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. രണ്ടുമാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ ഇവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജീവനൊടുക്കിയത്. ഇരുവരുടെയും വിവാഹം ഡിസംബര്‍ 26ന് നടക്കാനിരിക്കുകയായിരുന്നു. പൂച്ചക്കാട്ടെ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമല്‍ (26) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുശ്രീ കര്‍ണാടകയിലെ ഹുന്‍സൂരിലും അമല്‍ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ്. അനുശ്രീയെ ഹുന്‍സൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടല്‍മുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു ഇരുവരുടേയും മരണം. ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കില്‍ ജോലി ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണില്‍ കൂടി സംസാരിച്ചെന്നും ആ സമയം അമല്‍ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും അനുശ്രിയുടെ സഹോദരി പറഞ്ഞു. എന്നാല്‍, പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കുടുംബം പറയുന്നു. രാവിലെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും അനുശ്രീ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചുപറയുകയായിരുന്നു. അയല്‍വാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹുന്‍സൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. അമല്‍, പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞ അമല്‍ ഇന്നലെ രാവിലെ 8.45ഓടെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ശേഷം തന്‍റെ ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. എന്താണ് സംഭവമെന്നറിയാന്‍ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കള്‍ വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇരിട്ടി വിളമനയിലെ വീട്ടിലേക്ക് കൊണ്ടുപോയി.