ബിജെപി നഗരസഭാ ഓഫീസ് ധര്‍ണ്ണ; 11 കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

കാസര്‍കോട്: നഗരസഭാ ഭരണസമിതിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫീസിന് മുന്നിലും ഓഫീസിനുള്ളിലുമായി ധര്‍ണ്ണയും സത്യാഗ്രഹവും നടത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ഓഫീസ് സമയം കഴിഞ്ഞിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാതെ തുടര്‍ന്നുവെന്ന പരാതിയിലാണ് 11 കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി. ഇന്നലെ രാവിലെ 10 മണിയോടെയാണ് ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. നഗരസഭാ കവാടത്തിലും ഓഫീസ് കെട്ടിടത്തിനുള്ളിലുമായി കൗണ്‍സിലര്‍മാര്‍ സത്യാഗ്രഹം തുടരുകയായിരുന്നു. ഓഫീസ് പ്രവര്‍ത്തനസമയം കഴിഞ്ഞിട്ടും സമരക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ലെന്നാണ് പരാതി. ഇതേത്തുടര്‍ന്നാണ് കാസര്‍കോട് പോലീസ് കേസെടുത്തത്. കെ.ആര്‍. ഹരീഷ് (47), ജി.കെ. മധുക്കര (43), അരുണ്‍കുമാര്‍ ഷെട്ടി (60), കെ. ഗുരുപ്രസാദ് പ്രഭു (40), രവീന്ദ്ര പൂജാരി (60), കെ. രാമകൃഷ്ണ ഹൊള്ള (53), ജി. രാജേഷ് (30), ബി. ശാരദ (48), കെ.എസ്. ശ്രുതി (39), ആര്‍. രമേശ് (38), എം.കെ. ദിവ്യ (38) എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.