വാഹനങ്ങള്‍ നടപ്പാതയില്‍; കാല്‍നടയാത്രക്കാര്‍ അപകടഭീതിയില്‍

നീലേശ്വരം: കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി നടന്നു പോകാനുള്ള രാജാറോഡിലെ നടപ്പാതയില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ്. രാജാറോഡിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള സ്ലാബിലൂടെയാണ് കാല്‍നട യാത്രക്കാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. സ്ലാബുകള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണെങ്കിലും യാത്രക്കാര്‍ ഇതിലൂടെയാണ് നടന്നു പോകാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്ലാബില്‍ പരക്കെ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക് റോഡിലൂടെ ഇറങ്ങി പോകേണ്ടി വരുന്നു. ഇത് വലിയ അപകടങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. രാജാറോഡാണെങ്കില്‍ വീതി വളരെ കുറഞ്ഞതുമാണ് ഇരു ഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാര്‍ക്ക് റോഡിലേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. കാര്‍ ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങള്‍ ആണ് സ്ലാബില്‍ പാര്‍ക്ക് ചെയ്യുന്നത.് എന്നാല്‍ ഇതില്‍ നീക്കാനോ ഇതിനെതിരെ നടപടിയെടുക്കാനോ നഗരസഭയോ പോലീസോ തയ്യാറാകുന്നില്ല. ബസ്റ്റാന്‍ഡില്‍ ബസുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലത്തെ സ്ലാബുകളില്‍ പോലും അനധികൃതമായ വാഹന പാര്‍ക്കിംഗ് ഉണ്ട് ഇക്കാര്യത്തില്‍ നഗരസഭയും പോലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം. ഇല്ലെങ്കില്‍ ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.