കുണിയയില്‍ തെരുവുനായകൂട്ടം 22 കോഴികളെ കടിച്ചുകൊന്നു

പുല്ലൂര്‍: പുല്ലൂര്‍-പെരിയ പഞ്ചായത്ത് കുണിയയില്‍ തെരുവുനായ ശല്യം രൂക്ഷം. കുണിയ, തെക്കേക്കുന്നില്‍ നാസറിന്‍റെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകര്‍ത്ത തെരുവുനായക്കൂട്ടം 18 കോഴികളെ കൊന്നു. നാലു കോഴികളെ തെരുവുനായകള്‍ കടിച്ചുകൊണ്ടു പോയതായി വീട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കുണിയ വാര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെയുണ്ട്. കുണിയ സ്കൂള്‍ പരിസരം, തെക്കേക്കുന്ന്, കപ്പണക്കാല്‍, സ്കൂള്‍ ഗ്രൗണ്ട്, ബിലാല്‍നഗര്‍ ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷം. തെരുവുനായകളുടെ ആക്രമണ ഭീഷണി കാരണം കുട്ടികള്‍ സ്കൂളിലും മദ്രസയിലും പോകാന്‍ ഭയപ്പെടുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ ശല്ല്യം തടയാന്‍ നഗരസഭ അടിയന്തിര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.