ഡി വൈ എഫ ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കാഞ്ഞങ്ങാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച വി.ഡി.സതീശന്‍ സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് ഇന്ന് ഉച്ചയോടെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. സിവില്‍ സ്റ്റേഷന്‍ മതില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചാടി കടന്നു. ഇതിനിടയില്‍ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രവും ബജറ്റും കേരളത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ളതാണെന്ന് നേതാക്കള്‍ ആരോപിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയാല്‍ അഴിമതിയാകുമെന്ന് പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തില്‍ പറഞ്ഞ വി ഡി സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ നികുതിയിളവ് നല്‍കിയത് ആരെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. എം ജി സര്‍വകലാശാല ആര്‍എസ്എസ് ശാഖയായി അധഃപതിച്ചുവെന്നും വി ഡി സതീശന്‍ ആര്‍ എസ് എസ് ഡീലിന്‍റെ ഭാഗമാണെന്നും പി എം ശ്രീ പദ്ധതി ധൃതിപ്പെട്ട് നടപ്പിലാക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ഡിവൈഎഫ്ഐ ചോദിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മംഗലാപുരത്ത് വെച്ച് വി ഡി സതീശന്‍- അദാനി കൂടിക്കാഴ്ച്ചക്ക് വഴിയൊരുക്കി. താലൂക്ക് ഓഫീസ് മാര്‍ച്ച് ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്‍റ് എം.വി രതീഷ് അധ്യക്ഷനായി. സാദിഖ് ചെറുഗോളി, കെ.കനേഷ്, നാസറുദീന്‍ മലങ്കര, കെ.മഹേഷ്, വി.ഗിനീഷ് എന്നിവര്‍ സംസാരിച്ചു. കേരളത്തിന്‍റെ പലഭാഗത്തും മാര്‍ച്ചില്‍ സംഘര്‍ഷം അരങ്ങേറി.