വീട് കുത്തിത്തുറന്ന് കവര്‍ച്ച; ചെമ്പ്, ഓട്ടുപാത്രങ്ങള്‍ മോഷണം പോയി

ബേക്കല്‍: അടച്ചിട്ട വീട് കുത്തിത്തുറന്ന് ചെമ്പ്, ഓട്ടുപാത്രങ്ങള്‍ ഉള്‍പ്പെടെ എഴുപതിനായിരം രൂപയോളം വിലവരുന്ന സാധനങ്ങള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കരയിലെ രാജി നിവാസില്‍ നാരായണന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മകന്‍ കെ.എന്‍. രാജേന്ദ്ര പ്രസാദിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മണിക്കും ആറിന് രാവിലെ 10 മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് പരാതിയില്‍ പറയുന്നു.ആള്‍ത്താമസമില്ലാത്ത വീടിന്‍റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വീട്ടിലുണ്ടായിരുന്ന അഞ്ച് ചെമ്പ് പാത്രങ്ങള്‍, നാല് ഓട്ടുപാത്രങ്ങള്‍, ഓട്ടിന്‍റെ ഉരുളി, കാരച്ചെമ്പ് എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഇവയ്ക്ക് ഏകദേശം 70,000 രൂപ വിലവരുമെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടുടമസ്ഥര്‍ എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന സമയവും വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട സാധനങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.