കാസര്‍കോട്: ലഹരിവസ്തുക്കടത്തുകള്ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കാസര്‍കോട് ജില്ലാ പോലീസ് ശക്തമായ നടപടികള്‍ തുടരുകയാണ്. 'ഓപ്പറേഷന് തൂഫാന്' ദൗത്യത്തിന്റെ ഭാഗമായി, നിരന്തരമായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതിയെ പിറ്റ് എന്‍. ഡി.പി.എസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയന് മേലേത്ത് നേതൃത്വത്തില്‍ ജില്ലാ ക്രൈം സ്ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാടി വില്ലേജില്‍ ബെല്ലൂരടുക്ക കല്ലക്കട്ട സ്വദേശിയായ അബ്ദുള്‍ മുനമ്പര്‍ എന്ന അബ്ദുള്‍ മുനവീറാണ് (29) അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍ നടപടി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറ് എന്‍.ഡി.പി.എസ് കേസുകള്‍ നിലവിലുണ്ട്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 225/2026 കേസ് നിലവില്‍ അന്വേഷണ ഘട്ടത്തിലാണ്. ഇതിനുപുറമേ വിദ്യാനഗര്‍ സ്റ്റേഷനുകളിലായുള്ള ക്രൈം നമ്പര്‍ 534/2023, 213/2022 എന്നീ കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. മുന്‍കാലങ്ങളിലെ ക്രൈം നമ്പര്‍ 741/2022, 71/2022, 974/2021 തുടങ്ങിയ കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 115/2023 പോലുള്ള മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ട്.
ഓപ്പറേഷന് തൂഫാന്: പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കുറ്റവാളി അറസ്ററില്‍