കാസര്‍കോട്: നെല്ലിക്കട്ട അതൃക്കുഴിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഡ്രൈവര്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. കാസര്‍കോട് സ്വദേശി വിനോദിന്റെ മാരുതി ആള്‍ട്ടോ കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്‍ അതൃക്കുഴി കയറ്റത്തില്‍ വെച്ച് എന്‍ജിനില്‍ തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഓടിച്ചിരുന്ന അഷ്റഫ് ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിനെ നിയന്ത്രിക്കാനായില്ല. നിയന്ത്രണം വിട്ട കാര്‍ പിറകിലോട്ട് വന്ന് അടുത്തുള്ള കോണ്‍ക്രീറ്റ് തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് സീറ്റ് ബെല്‍റ്റ് അഴിച്ച് പെട്ടെന്ന് തന്നെ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. അപ്പോഴേക്കും കാറിന് വലിയതോതില്‍ തീ പിടിച്ചിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സുകു വര്‍ഗീസിന്റെ നേതൃത്വത്തില്‍ സേന തീ അണച്ചു. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ അമല്‍, സിറാജുദ്ദീന്, വൈശാഖ്, ഡ്രൈവര്‍ പ്രസീത് ഇ, ഹോം ഗാര്‍ഡുമാരായ രാജേന്ദ്രന് എ, ശ്രീജിത്ത് പി എന്നിവരും ദൗത്യത്തില്‍ പങ്കെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, നിശേഷം കത്തിനശിച്ചു