കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസിയില്‍ സ്ത്രീ സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായി. പ്രധാനറൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് മുന്നിലും പിന്നിലുമായി കെഎസ്ആര്‍ടിസി ബസുകള്‍ ഓടുമ്പോള്‍ സ്ത്രീകള്‍ കൂട്ടത്തോടെ കെഎസ്ആര്‍ടിസിയില്‍ കയറാന്‍ തുടങ്ങിയതോടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസി ബസ് അപൂര്‍വമായ പ്രദേശങ്ങളില്‍ സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിച്ചിട്ടില്ല. കാസര്‍കോട്-ബന്തടുക്ക, കാസര്‍കോട്-മംഗലാപുരം, കാസര്‍കോട്-കണ്ണൂര്‍, കളനാട്-കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്-പയ്യന്നൂര്‍ തുടങ്ങിയ റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ നിലയാണ് പരുങ്ങലിലായത്. ജില്ലയിലെ വിവിധ കോളേജുകളിലും ഹയര്‍സെക്കണ്ടറി സ്കൂളുകളിലും ഏറെയും വിദ്യാര്‍ത്ഥിനികളാണ്. സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും കെഎസ്ആര്‍ടിസിയിലേക്ക് മടങ്ങികഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ടിക്കറ്റ് മുഖേന നല്ലൊരുവരുമാനം കിട്ടിയിരുന്നതും ഇപ്പോള്‍ കെ എസ് ആര്‍ടിസിക്ക് നഷ്ടമായി. മാത്രവുമല്ല കണ്സഷന് നിരക്കില്‍ സ്വകാര്യ ബസുകള്‍ക്കു കിട്ടിയിരുന്ന വരുമാനവും ഇല്ലാതായി. സ്വകാര്യ ബസുകള്‍ക്ക് പ്രതിദിനം 1000 മുതല്‍ 4000രൂപവരെയാണ് കെഎസ്ആര്‍ടിസിയില്‍ സ്ത്രീ സൗജന്യ യാത്ര അനുവദിച്ചതോടെ കുറഞ്ഞിരിക്കുന്നത്. കുടുംബത്തോടെ യാത്ര ചെയ്തിരുന്നവര്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്രയായതോടെ അവരുടെ ബന്ധുക്കളായ പുരുഷന്മാരും സ്ത്രീകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യാന്‍ തുടങ്ങിയതോടെ ആ വഴിയും സ്വകാര്യ ബസുകള്‍ക്ക് വരുമാനനഷ്ടം വന്നു. ഇതോടെ പ്രതിസന്ധി യെ തരണം ചെയ്യാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. ടിക്കറ്റ് നിരക്ക് വര്‍ദ്ധനയോ അല്ലെങ്കില്‍ സര്‍ക്കാര്‍ സബ്സിഡിയോ വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഈ ആവശ്യവുമായി താമസിയാതെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിനിറങ്ങാനാണ് നീക്കം നടത്തുന്നത്.
കെ എസ് ആര് ടി സി സ്ത്രീ സൗജന്യ യാത്ര: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയില്‍