സ്വകാര്യബസിന്‍റെ ട്രിപ്പ് മുടക്കം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു

ചീമേനി: ചെറുപുഴ-ചീമേനി-കാസര്‍കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ട്രിപ്പ് മുടക്കുന്നതും സമയം പാലിക്കാതെ ഓടുന്നതും സ്ഥിരം യാത്രക്കാരുള്‍പ്പെടെ നിരവധി യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വര്‍ഷങ്ങളായി കൃത്യ സമയത്ത് മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയിരുന്ന ഈ ബസ് മലയോര നിവാസികള്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്താനും തിരിച്ചു പോവാനുമുള്ള സ്ഥിരം സര്‍വ്വീസ് ബസായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ബസ് ഇടക്കിടക്ക് സര്‍വ്വീസ് മുടക്കുന്നതും കൃത്യസമയം പാലിക്കാത്തതുമാണ് സ്ഥിരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടിലാക്കിയത്. ചെറുപുഴയില്‍ നിന്നു ദിവസം മൂന്നു ട്രിപ്പാണ് ഈ ബസ് കാസര്‍കോട്ടേക്ക് ഓടുന്നത്. രാവിലെ 9 മണിക്ക് കാസര്‍കോട്ട് എത്തുന്ന നിലയിലായിരുന്നു ഈ ബസ് സര്‍വ്വീസ് നടത്തിയിരുന്നത്. മലയോര പ്രദേശങ്ങളില്‍ നിന്ന് ജില്ലാ ആസ്ഥാനത്തെ സ്വകാര്യസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ബസ് വലിയ സഹായമായിരുന്നു. അതു പോലെ വൈകീട്ട് ഓഫീസ് വിടുന്ന സമയത്ത് കാസര്‍കോട് നിന്നു തിരിച്ചും ഈ ബസ് കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നതിനാല്‍ ഈ ബസിന് നിരവധി സ്ഥിരം യാത്രക്കാരുണ്ട്. ബസ് സര്‍വ്വീസ് താളം തെറ്റിയത് ഈ യാത്രക്കാരെ വിഷമിപ്പിക്കുന്നു. ജില്ലയുടെ അതിര്‍ത്തി പ്രദേശത്തുള്ള സാധാരണ ജനങ്ങള്‍ വിവിധ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്തു വരുന്നതും പോവുന്നതും ഇതേ ബസിലായിരുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാത്ത ട്രിപ്പ് മുടക്കം ഇത്തരം യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. അതിനാല്‍ ബസിനെ കൃത്യമായി സര്‍വ്വീസ് നടത്തിക്കാന്‍ വാഹനഗതാഗതവകുപ്പ് തയ്യാറാവണമെന്നും അല്ലെങ്കില്‍ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.