ജയിലില്‍ നിന്നിറങ്ങിയ ഡിവൈഎഫ്ഐ നേതാവിന് സ്വീകരണം

ചോയ്യംങ്കോട്: ചായ്യോത്ത് ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ചതായി ഡി.വൈ.എഫ്.ഐ ആരോപിക്കുന്ന കിനാനൂര്‍ മേഖല ജോയിന്‍റ് സെക്രട്ടറി ഷിബിന്‍ കണിയാടയ്ക്ക് ചോയ്യംങ്കോട് സ്വീകരണം നല്‍കി. ഡി.വൈ.എഫ്.ഐയും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിച്ച സ്വീകരണ പരിപാടി സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം കിനാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് എം.വി.രതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു എബ്രഹാം, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പ്രകാശന്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.രാജന്‍, ഡി.വൈ. എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.സനു മോഹന്‍, ബ്ലോക്ക് പ്രസിഡന്‍റ് പി.അഖിലേഷ്, സി.പി.എം കരിന്തളം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ കിനാനൂര്‍ മേഖല സെക്രട്ടറി കെ.കൃപേഷ് സ്വാഗതം പറഞ്ഞു. ചായോത്ത് സ്കൂളില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഷിബിന്‍ കണിയാടിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കേസില്‍ നിരപരാധിയെ പ്രതിയാക്കിയെന്നാണ് സംഘടനയുടെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ഷിബിന് ജാമ്യം കിട്ടിയതിന് പിന്നാലെ സ്വീകരണം സംഘടിപ്പിച്ചത്.