പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ നല്‍കിയതിലെ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരന് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിച്ചു. അനസ്തീഷ്യ, പീഡിയാട്രിക്, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് ബോര്‍ഡ്. കുട്ടിക്ക് നല്കിയ മരുന്നുകള്‍, ചികിത്സ, ഡോക്ടര്‍മാരുടെയും മാനേജ്മെന്റിന്റെയും പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്വേഷണമുണ്ടാകും. പണം കൂടുതല്‍ ലഭിക്കാനായി ചികിത്സ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ബോര്‍ഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടര്‍നടപടികള്‍. കുട്ടിക്ക് അനസ്തീഷ്യ നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. കൂടാതെ, അനസ്തീഷ്യ നല്‍കിയശേഷം തുടര്‍ചികിത്സ വൈകിയതായും കണ്ടെത്തിയിട്ടുണ്ട്. എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകന്, ഒരു വര്‍ഷവും അഞ്ചുമാസവും പ്രായമായ ദേവാന്‍ഷ് ശൗര്യയാണ് വെള്ളിയാഴ്ച മരിച്ചത്. കളിക്കുന്നതിനിടെ കുഞ്ഞിന് മുഖത്ത് പരിക്കേറ്റിരുന്നു. കീഴ്ച്ചുണ്ടിനും താടിയ്ക്കും ഇടയിലായിരുന്നു മുറിവ്. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. മുറിവ് തുന്നലിടുന്നതിന് കുഞ്ഞിന് അനസ്തീഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിക്കെയാണ് മരണം.
ഒന്നരവയസുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്