വെള്ളരിക്കുണ്ട് : ടൗണിലെ പോസ്റ്റ് ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരുന്ന മിനി ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും കണ്ണടച്ചു. ഗ്യാരണ്ടി കാലാവധിക്കുള്ളിലായിരുന്നതിനാല്‍ വാര്‍ഡ് മെമ്പര്‍ ഷാജന്‍ പൈങ്ങോട്ട് കമ്പനിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് കമ്പനിയുടെ സാങ്കേതിക പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തകരാര്‍ പരിഹരിച്ച് ലൈറ്റ് വീണ്ടും തെളിയിക്കുകയുമായിരുന്നു. അതേസമയം, വെള്ളരിക്കുണ്ട്ڊകൊന്നക്കാട് ജംഗ്ഷനിലെ വലിയ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പണിമുടക്കിലാണ്. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതിനാല്‍ സൗജന്യമായി അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഇവിടെ രാത്രിയായാല്‍ കനത്ത ഇരുട്ടാണ്. പുലര്‍ച്ചെ ദീര്‍ഘദൂര ബസുകളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ കൂരിരുട്ടും തെരുവ് നായകളുടെ ശല്യവും വരവേല്‍ക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കാന്‍ 50,000 ചെലവ് വരുമെന്നാണ് പരിശോധന നടത്തിയ ടെക്നീഷ്യന്‍മാര്‍ അറിയിച്ചത്. പഞ്ചായത്ത് ഉടന്‍ നടപടി സ്വീകരിക്കാത്ത പക്ഷം വ്യാപാരികള്‍, ഓട്ടോടാക്സി ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഫണ്ട് സ്വരൂപിച്ച് ഹൈമാസ്റ്റ് ലൈറ്റിന്‍റെ അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രകാശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്ന് വാര്‍ഡ് മെമ്പര്‍ ഷാജന്‍ പൈങ്ങോട്ട് അറിയിച്ചു. ബളാല്‍ പഞ്ചായത്തിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്ന താലൂക്ക് ആസ്ഥാന ടൗണിന്‍റെ പ്രധാന ഭാഗം വര്‍ഷങ്ങളായി ഇരുട്ടിലായിരിക്കെ, വലിയ ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഹൈമാസ്റ്റ് കണ്ണടച്ചു; പഞ്ചായത്ത് മൗനത്തില്‍