കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഇന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി. സംസ്ഥാനത്തെ പോലീസില്‍ ആഭ്യന്തരവകുപ്പ് നടത്തിയ ഇളക്കി പ്രതിഷ്ഠയില്‍ രാവണേശ്വരത്തെ പി.നിധിന്‍രാജിനെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. രാവണേശ്വരം ഹൈസ്കൂളില്‍ പത്താംക്ലാസുവരെ മലയാളം മീഡിയത്തില്‍ പഠിച്ച നിധിന്‍രാജ് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത് കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നാണ്. കോട്ടയം ഗവ. എന്‍ജിനീയറിങ് കോളജിലായിരുന്നു ഉന്നത പഠനം. തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസ് എന്ന ശ്രമം തുടങ്ങുന്നത്. ആദ്യശ്രമത്തില്‍ 210 -ാം റാങ്ക് നേടി. രണ്ടാമത്തെ ശ്രമത്തില്‍ 319 -ാം റാങ്ക് നേടിയാണ് ഐപിഎസുകാരനായത്. ഹൈദരാബാദിലെ പരിശീലനം പൂര്‍ത്തിയാക്കിയ നിധിന്‍ വയനാട് എഎസ്പി അണ്ടര്‍ ട്രെയിനിയായി. പിന്നീട് വടകര റൂറല്‍ എസ് പി, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. പഠനകാലത്ത് എല്ലാ മേഖലയിലും കഴിവുതെളിയിച്ച വിദ്യാര്‍ത്ഥിയായിരുന്നു പി.നിധിന്‍രാജെന്ന് സഹപാഠികള്‍ ഓര്‍മ്മിക്കുന്നു. മാജിക്കിനോട് അതിയായ കമ്പം തോന്നിയ നിധിന്‍രാജ് ഏറെക്കാലം മാജിക്ക് പഠിക്കുകയും ചെയ്തു. ഇത് തനിക്ക് മാനസീകമായി വലിയ കരുത്ത് നല്‍കിയതായി നിധിന്‍രാജ് പറഞ്ഞിട്ടുണ്ട്. പ്രസംഗ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നേടി. എന്‍ഡോസള്‍ഫാന്‍ ദുരന്തം നിധിന്‍രാജിനെ ഏറെ സ്വാധീനിച്ചു. സമൂഹത്തിന് വേണ്ടി നന്മചെയ്യണമെന്ന ചിന്ത മനസില്‍ ഉരുത്തിരിയുന്നത് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെയുള്ള സമരങ്ങളാണെന്ന് നിധിന്‍രാജ് മുമ്പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാവണീശ്വരം എക്കാലിലെ മുന്‍ പ്രവാസി കളരിക്കാല്‍ രാജേന്ദ്രന്‍റെയും വീട്ടമ്മയായ പി. ലതയുടെയും മകനാണ് നിധിന്‍ രാജ്. ആലപ്പുഴ സ്വദേശിനിയും മംഗലാപുരത്ത് യേനപോയ മെഡിക്കല്‍ കോളേജില്‍ ഡോക്ടറുമായ ലക്ഷ്മി കൃഷ്ണയാണ് ഭാര്യ. ഏകമകന്‍ വംശി നിധിന്‍. ഏക സഹോദരി പി.അശ്വതി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ബാംഗ്ലൂര്‍). വയനാട് ഡെപ്യൂട്ടി കളക്ടറായിരുന്ന പരേതനായ കെ.നാരായണന്‍ നമ്പ്യാര്‍, പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും പ്രിന്‍സിപ്പാളായി വിരമിച്ച കെ.മാധവന്‍നമ്പ്യാര്‍ എന്നിവര്‍ പിതൃസഹോദരന്മാരാണ്. കാസര്‍ കോട് ജില്ലക്കാരനായ ആദ്യ ത്തെ ജില്ലാ പോലീസ് മേധാവിയാണ് നിധിന്‍രാജ്. ചെറിയപ്രായത്തില്‍ തന്നെ ജില്ലാ പോലീസ് മേധാവിയാവാന്‍ കഴിഞ്ഞ പി.നിധിന്‍രാജിന് സംസ്ഥാന പോലീസ് മേധാവിവരെ ആവാനുള്ള സാഹചര്യമുണ്ട്. വിഷ്ണുപ്രദീപ് (മാവുങ്കാല്‍), സി.ഷഹീന്‍(ബങ്കളം) എന്നീ രണ്ട് ഐപിഎസുകാര്‍ കൂടി ജില്ലയിലുണ്ട്.