മന്ത്രിയുടെ കാറിന് നേരെ തളിപ്പറമ്പില്‍ അക്രമം, നീലേശ്വരത്ത് കരിങ്കൊടി

തളിപ്പറമ്പ്: മന്ത്രി ഒ ജെ ജനീഷിന്‍റെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐയുടെ ആക്രമണം. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കരിപ്പയിലാണ് ആക്രമണമുണ്ടായത്. പുരാവസ്തു വകുപ്പിന്‍റെ പരിപാടിയില്‍ പങ്കെടുക്കാനായി നീലേശ്വരത്തെത്തിയ മന്ത്രി ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നീലേശ്വരത്ത് കരിങ്കൊടി കാണിച്ചു.

കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിക്കുശേഷം തളിപ്പറമ്പില്‍ പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് കാസര്‍കോട്ടേക്ക് മടങ്ങുമ്പോഴാണ് തളിപ്പറമ്പ് കരിപ്പയില്‍ മന്ത്രിയുടെ കാറിന് നേരെ അക്രമമുണ്ടായത്. പത്തിലേറെ വരുന്ന പ്രവര്‍ത്തകര്‍ വാഹനത്തിനുനേരെ ചാടിവീഴുകയായിരുന്നു. വാഹനത്തില്‍ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ചുവെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. കാറിന് മുന്നിലെ ഫ്ളാഗ് പോസ്റ്റും ഒടിഞ്ഞു. റെയിന്‍ഗാര്‍ഡിനും കേടുപാടുണ്ടായി. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അവിടെനിന്ന് മാറ്റിയത്. തുടര്‍ന്ന് ഇതേ കാറില്‍തന്നെയാണ് മന്ത്രി കാസര്‍കോട്ടേക്ക് തിരിച്ചത്. രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരില്‍ എത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ നീലേശ്വരം കൊട്ടാരം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രിക്കു നേരെ നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. മന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പൊലീസ് ബന്തവസ്സ് മറികടന്നാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി ഉയര്‍ത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊട്ടാരം പരിസരത്തും സമീപപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇന്നലെ തിരുവനന്തപുരത്തുനടന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പില്‍ എംപിയുമാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്തുനിന്നാരംഭിച്ച ഏജീസ് ഓഫീസ് മാര്‍ച്ചിന്‍റെ തുടക്കത്തിലുണ്ടായ നേരിയ സംഘര്‍ഷമാണ് പിന്നീട് രൂക്ഷമായത് സംസ്ഥാനത്തെങ്ങും യുഡിഎഫ് മന്ത്രിമാരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നതിനെ ചൊല്ലിയുണ്ടായ ഏറ്റുമുട്ടല്‍ പിന്നീട് യൂത്ത് കോണ്‍ഗ്രസ്എസ്എഫ്ഐ സംഘര്‍ഷമായി പരിണമിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിനുള്ളില്‍ കയറി പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതും സ്ഥിതി രൂക്ഷമാക്കി. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.