ഒറ്റ നമ്പര്‍ ലോട്ടറി തര്‍ക്കം:യുവാവിന് കുത്തേറ്റു

ബേക്കല്‍: ഒറ്റ നമ്പര്‍ ലോട്ടറിയുമായും പലിശ ഇടപാടുകളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് കൈമാറിയതിലുള്ള വിരോധത്തെ തുടര്‍ന്ന് യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂച്ചക്കാട് റസീന മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്‍റെ മകന്‍ കെ. അഷറഫ് (36) ആണ് ആക്രമണത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ പൂച്ചക്കാട് ഡി 14 കഫേ ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

റഷീദിന്‍റെയും റഫീഖിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് അഷറഫിനെ ആക്രമിച്ചതെന്നാണ് പരാതി. ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന ഒറ്റ നമ്പര്‍ ലോട്ടറി, പലിശ ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് പറഞ്ഞു കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് അഷറഫിന്‍റെ മൊഴി. കത്തിയെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കഴുത്തിന് കുത്തിയെന്നും മരക്കഷണം കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ അഷറഫ് ചികിത്സ തേടി. സംഭവത്തില്‍ ബേക്കല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.