കബഡി സംഗമം നാടിന്‍റെ ആഘോഷമായി

ചെറുവത്തൂര്‍: കേരളത്തിലെ പഴയകാല കബഡി കളിക്കാരുടെ സംഘടനയായ ഓള്‍ഡ് ഈസ് ഗോള്‍ഡ് കേരള കബഡി പ്ലെയേഴ്സിന്‍റെ കബഡി സംഗമം നാടിന്‍റെ ആഘോഷമായി. കിഴക്കേമുറി വിക്ടര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഗണേശന്‍ നഗറിലാണ് സംഗമം നടന്നത്. സംഗമത്തോടനുബന്ധിച്ച് നടന്ന കബഡി ടൂര്‍ണമെന്‍റ് ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. മണി പലത്തര അധ്യക്ഷത വഹിച്ചു പ്രസാദ് ഓരി,രാജീവന്‍ കൊയാമ്പുറം, മുരളി ആണൂര്‍, പി പി അശോകന്‍, എം. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിക്ടര്‍ ക്ലബ്ബ് വനിതാവേദി ബാന്‍ഡ് സംഘത്തിന്‍റെ അകമ്പടിയോടുകൂടിയുള്ള മാര്‍ച്ച് പാസ്റ്റില്‍ കളിക്കാര്‍ അണിനിരന്നു. ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മത്സരത്തില്‍ ക്രൂയിസ് കെ.എല്‍ 14 നെ പരാജയപ്പെടുത്തി നന്‍മ സ്വീറ്റ്സ് ഓരിമുക്ക് ജേതാക്കളായി. മത്സരം വീക്ഷിക്കാന്‍ ആയിരക്കണക്കിന് കബഡി സ്നേഹികള്‍ കിഴക്കേമുറി ഗ്രാമത്തിലേക്ക് ഒഴുകിയെത്തി.