കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ വനിതകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ തുടര്‍ന്ന് സ്വകാര്യ ബസ് മേഖലയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോപിച്ച് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും ഇന്ന് സര്‍വീസ് നിര്‍ത്തിവെച്ചു. കാസര്‍കോട് ജില്ലയില്‍ 450 ബസുകളാണ് പണിമുടക്കിയത്.
കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെയും വിവിധ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് ഏകദിന സൂചനാ പണിമുടക്ക് നടന്നത്. രാവിലെ മുതല്‍ ബസുകള്‍ സര്‍വീസ് നടത്താതിരുന്നതോടെ യാത്രക്കാര്‍ വലിയ ദുരിതത്തിലായി. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇല്ലാത്ത റൂട്ടുകളിലെയും മലയോര പ്രദേശങ്ങളിലെയും ജനങ്ങളാണ് സമരം കാരണം ഏറെ ദുരിതത്തിലായത്. രാവിലെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകാനിറങ്ങിയ വിദ്യാര്‍ത്ഥികളും ഓഫീസുകളിലേക്ക് പോകേണ്ടിയിരുന്ന ജീവനക്കാരുമാണ് ബസില്ലാതെ ഏറ്റവും കൂടുതല്‍ വലഞ്ഞത്. ഓട്ടോ റിക്ഷാ നിരക്കിലെ വര്‍ധനയും സാധാരണക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ബസുടമകളുടെയും തൊഴിലാളികളുടെയും പ്രതിഷേധ മാര്‍ച്ച് അണങ്കൂരില്‍ നിന്ന് ആരംഭിച്ച് കലക്ടറേറ്റിലെത്തി ധര്‍ണ നടത്തി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ നിറയ്ക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നും മറ്റു റൂട്ടുകളില്‍ ഒരു ബസിന് പ്രതിദിനം 1,500 മുതല്‍ 3,000 രൂപ വരെ കളക്ഷന്‍ കുറവുണ്ടാകുന്നതായും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍വീസ് തുടരുന്നത് സാമ്പത്തികമായി പ്രയാസമാണെന്ന് സമരക്കാര്‍ വ്യക്തമാക്കി. ലോണെടുത്തും വലിയ തുക മുടക്കിയും സര്‍വീസ് നടത്തുന്ന ബസുടമകള്‍ക്കും ദിവസവേതനക്കാരായ തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ ഈ നയം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് എട്ട് പ്രധാന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. വോട്ടര്‍ ഐഡി അടിസ്ഥാനമാക്കി വനിതകളുടെ സൗജന്യയാത്ര ഒരു ദിവസം രണ്ട് യാത്രകളായി പരിമിതപ്പെടുത്തുക, ഇന്റര്‍സ്റ്റേറ്റ് ടൗണ്‍ ടു ടൗണ്‍ ബസുകളില്‍ സൗജന്യം അനുവദിക്കാതിരിക്കുക, തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. റോഡ് ടാക്സ് പൂര്‍ണമായും ഒഴിവാക്കുക, ഡീസലിന് 50 ശതമാനം സബ്സിഡി നല്‍കുക, സൗജന്യ യാത്രാ പദ്ധതിയില്‍ വിദ്യാര്‍ത്ഥികളെയും 65 വയസ്സിന് മുകളിലുള്ളവരെയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ജൂലൈ 20 മുതല്‍ 26 വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ റിലേ ധര്‍ണ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്കി. പ്രതിഷേധ മാര്‍ച്ചിനും ധര്‍ണയ്ക്കും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ഗിരീഷ്, സെക്രട്ടറി ടി ലക്ഷ്മണന്, സിഐടിയു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ബാബു എന്നിവര്‍ നേതൃത്വം നല്കി.