നീലേശ്വരം: നഗരസഭയുടെ ചിറപ്പുറം മിനിസ്റ്റേഡിയം കടുത്ത അവഗണനയില്‍. ഇവിടെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമില്ല. കായിക പരിശീലനത്തിനും വിവിധ മത്സരങ്ങള്‍ക്കുമായി നിരവധി പേര് ആശ്രയിക്കുന്ന സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി.
കാലവര്‍ഷത്തില്‍ തകര്‍ന്ന മതില് പുനര്‍നിര്‍മ്മിക്കാനും സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്കായി ഗേറ്റ് സ്ഥാപിക്കാനും നഗരസഭ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഏറെക്കാലമായി ഉയരുന്നുണ്ട്. ഗ്രൗണ്ടില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഡ്രൈവിങ് പരിശീലനം നടത്തുന്നതും പതിവായതായി പരിസരവാസികള്‍ പറയുന്നു. രാത്രിയിലും വാഹനങ്ങള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് കായിക പരിശീലനത്തിനായി എത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ടൂര്‍ണമെന്റുകള്‍ നടക്കുന്ന സമയത്തും പരിസരവാസികള്‍ക്ക് വിവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നതായി പരാതിയുണ്ട്. പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി എത്തുന്ന ചില കുട്ടികള്‍ സമീപത്തെ കടകളില്‍ സിഗരറ്റ് ആവശ്യപ്പെടുന്നതായും വീടുകളില്‍ മൊബൈല്‍ ഫോണ്‍, വാഹനങ്ങള്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഡിയത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാട്ടര്‍ ടാങ്കിന്റെ ശേഷി വര്‍ധിപ്പിക്കുക, വൈദ്യുതിവയറിങ് സൗകര്യം മെച്ചപ്പെടുത്തുക, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതിന് സംവിധാനം ഒരുക്കുക, ടോയ്ലറ്റുകള് ഉപയോഗത്തിന് ശേഷം കൃത്യമായി വൃത്തിയാക്കുക, ഗേറ്റ് സ്ഥാപിച്ച് അനധികൃത വാഹനപ്രവേശനം നിയന്ത്രിക്കുക, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നുണ്ട്. ഗ്രൗണ്ടിന്റെ പരിപാലനത്തിനായി നഗരസഭാ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും, സ്റ്റേഡിയത്തിന്റെ സംരക്ഷണവും പരിപാലനവും നാട്ടുകാരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന കളിസ്ഥലം നഗരസഭ മുന്‍കൈയെടുത്താല്‍ മികച്ച കായിക കേന്ദ്രമാക്കി മാറ്റാനാകുമെന്നാണ് ജനങ്ങളുടെ അഭിപ്രായം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും ചിറപ്പുറം മിനി സ്റ്റേഡിയത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിക്കുന്നു.
'ഓപ്പറേഷന് തൂഫാന്' പദ്ധതിയുടെ ഭാഗമായി സര്‍ക്കാരും നഗരസഭയും നടത്തുന്ന ഇടപെടലുകള്‍ ചിറപ്പുറം മിനി സ്റ്റേഡിയത്തിലേക്കും വ്യാപിപ്പിച്ച് സ്റ്റേഡിയത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി മെച്ചപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.