രണ്ട് പതിറ്റാണ്ടായിട്ടും റോഡ് പണി തീരുന്നില്ല, ദുരിതം പേറി ജനങ്ങള്‍

നീലേശ്വരം: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച് ഇപ്പോഴും പാതിവഴിയില്‍ എത്തിനില്‍ക്കുന്ന നീലേശ്വരം ഇടത്തോട് മെക്കാഡം റോഡ് പ്രവര്‍ത്തി യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നിര്‍മ്മാണം നിലച്ചതിനെ തുടര്‍ന്ന് പുത്തരിയടുക്കം മുതല്‍ കോണ്‍വെന്‍റ് ജംഗ്ഷന്‍വരെ വിവിധ സ്ഥലങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴ പെയ്യുമ്പോള്‍ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയും ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു ഇത് കാരണം ഇതുവഴി യാത്ര ചെയ്യാനും ആളുകള്‍ മടിക്കുന്നു. ഇതാകട്ടെ നീലേശ്വരത്തെ വ്യാപാരം മേഖലയെ പോലും ബാധിക്കുകയാണ്. കോണ്‍വെന്‍റ് ജംഗ്ഷനിലാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഏറെ ദുരിതാവസ്ഥയിലായിട്ടുള്ളത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരനാണ് ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്. പല കാരണങ്ങള്‍ കൊണ്ടും ഇഴഞ്ഞും മുടങ്ങിയും നീങ്ങിയ റോഡ് പ്രവര്‍ത്തി ഒടുവില്‍ 90ശതമാനം പൂര്‍ത്തിയായെങ്കിലും ഇടക്ക് വച്ച് നിര്‍മ്മാണം നിര്‍ത്തി കരാറുകാരന്‍ മുങ്ങി. ഇതോടെയാണ് റോഡ് പ്രവര്‍ത്തി അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് പുത്തരിയടുക്കം മുതല്‍ കോണ്‍വെന്‍റ് ജംഗ്ഷന്‍ വരെയുള്ള നിര്‍മ്മാണവും നിലച്ചു. പിന്നീട് എസ്റ്റിമേറ്റ് തയ്യാറാക്കി റീ ടെണ്ടര്‍ വിളിച്ചെങ്കിലും ടെന്‍ഡര്‍ വിളിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടായത്. വീണ്ടും ടെണ്ടര്‍ വിളിച്ചതില്‍ മൂന്നാളുകളുണ്ടായിരുന്നു. വലിയ തുകക്കുള്ള ടെണ്ടര്‍ ആയതിനാല്‍ കരാറുകളുടെ ക്വാളിഫിക്കേഷന്‍ പരിശോധിച്ചും മാത്രമേ ടെണ്ടര്‍ സ്ഥിരപ്പെടുത്തുകയുള്ളൂ. അതിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. അതിനാല്‍ മഴ ശക്തിപ്പെടുന്നതിന് മുമ്പ് റോഡിലെ കുഴികള്‍ അടക്കാന്‍ എങ്കിലും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.