കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 45 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കാസര്‍കോട് ടൗണ്‍ ഇന്‍ സ്പെക്ടര്‍ പി.നളിനാക്ഷനും സംഘവും അറസ്റ്റുചെയ്തു. കാസര്‍കോട് ,പള്ളം, ബൈത്തുല്‍നൂറിലെ എ അബ്ദുല്‍നാസറി(40)നെയാണ് ഇന്ന് പുലര്‍ച്ചെ 1.30 ഓടെ പള്ളത്തെ വീട്ടില്‍ വെച്ച് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ബിവി വിജയഭരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അബ്ദുള്‍നാസറിന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. അലമാരയില്‍ സൂക്ഷിച്ച നിലയിലാണ് എംഡി എം എ ഉണ്ടായിരുന്നത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ബദിയഡുക്ക, ബേക്കല്‍, കുമ്പള പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡില്‍ 44 ഗ്രാം എംഡിയുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ബദിയടുക്കയില്‍ പുത്തിഗെയിലെ മുഹമ്മദ് ഹനീഫ എന്ന കാക്ക ഹനീഫയെ (37) 28.99 ഗ്രാം എംഡിഎംഎയുമായും 29,500 രൂപയുമായാണ് പിടികൂടിയത്. മയക്കുമരുന്ന് കണ്ടെത്താന്‍ ഉപയോഗിച്ച ബൈക്കും പിടികൂടിയിരുന്നു. കുമ്പളയില്‍ മുഗു, ഉറുമിയിലെ ഷബീര്‍ അലിയെ (45) 11.97 ഗ്രാം എംഡിഎംഎയുമാണ് അറസ്റ്റ് ചെയ്തത്. മൗവ്വലിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ ഷാഹുല്‍ഹമീദിനെ (31) 3.1 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ പോലീസാണ് പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ജില്ലയില്‍ ഇതുവരെ അമ്പതോളം കേസുകളിലായി 55ല്‍പ്പരം പേരാണ് പോലീസിന്‍റെ പിടിയിലായത്.
ഓപ്പറേഷന്‍ തൂഫാന്‍: വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്ററില്‍