പാത്തിക്കര വളവിലെ വെള്ളക്കെട്ട് പഴയതിലും രൂക്ഷം

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്-കൊന്നക്കാട് പ്രധാന റോഡിലെ പാത്തിക്കര കള്ള്ഷാപ്പിന് സമീപമുള്ള അപകടകരമായ വളവില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് വീണ്ടും യാത്രക്കാര്‍ക്ക് ഭീഷണിയായി. വെള്ളം ഒഴുകിപ്പോകാന്‍ മതിയായ കലുങ്ക് ഇല്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം വാര്‍ത്തകളിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ ജെസിബി ഉപയോഗിച്ച് ഓവുചാലിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടിയെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ വെള്ളം കെട്ടിക്കിടക്കുന്നതായും ഇതുമൂലം വാഹനയാത്രയും കാല്‍നട യാത്രയും ദുഷ്കരമായിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഓവുചാലിന്‍റെ ആഴം വര്‍ദ്ധിച്ചതിനാല്‍ കാല്‍നട യാത്രക്കാരും സ്കൂള്‍ വിദ്യാര്‍ഥികളും ശ്രദ്ധയില്ലാതെ സഞ്ചരിച്ചാല്‍ വെള്ളക്കെട്ടിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികളുടെ ആശങ്ക. കൂടാതെ കൊടുംവളവായ ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാഹനങ്ങള്‍ റോഡിന്‍റെ തെറ്റായ വശത്തുകൂടി സഞ്ചരിക്കുന്നത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുമായി അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന സാഹചര്യവും സൃഷ്ടിക്കുന്നുണ്ട്. പാത്തിക്കര വളവിലെ ഈ പ്രശ്നത്തിന് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് പകരം ശാസ്ത്രീയമായ രീതിയില്‍ കലുങ്ക് നിര്‍മ്മിച്ച് മഴവെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.