ആയിരം ഇതളുകളുടെ അത്ഭുതം; കോളംകുളത്ത് വിരിഞ്ഞത് 'സഹസ്രദള പത്മം'

കരിന്തളം: നാട്ടിന്‍പുറങ്ങളില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന ' സഹസ്രദള പത്മം' (ആയിരം ഇതളുകളുള്ള താമര) വിരിഞ്ഞ് കരിന്തളം കോളംകുളത്തെ ശാലിനിയുടെ വീട് കൗതുകക്കാഴ്ചയുടെ കേന്ദ്രമായി മാറി. പ്രകൃതി സ്നേഹികളെയും പൂക്കളെ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഈ കാഴ്ച കാണാന്‍ നിരവധി പേരാണ് എത്തുന്നത്. 'നെലുംബോ ന്യൂസിഫെറ' എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ അപൂര്‍വ ജലസസ്യം സാധാരണ താമരകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്.

നൂറുകണക്കിന് ഇതളുകള്‍ നിറഞ്ഞ വലിയ പൂവാണ് സഹസ്രദള പത്മത്തിന്‍റെ പ്രത്യേകത. സാധാരണ താമരപ്പൂക്കളെക്കാള്‍ വലിപ്പത്തിലും ഭംഗിയിലും ഏറെ മുന്നിലുള്ള ഈ പൂവ് ചൈന, നേപ്പാള്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ വളരെ വിരളമായാണ് ഇത്തരം താമരകള്‍ വിരിയുന്നത്. ഹൈന്ദവ വിശ്വാസങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും സഹസ്രദള പത്മത്തിന് വലിയ സ്ഥാനമുണ്ട്. ദേവീദേവന്മാരുടെ ഇരിപ്പിടമായി ഇതിനെ സങ്കല്‍പ്പിക്കാറുണ്ടെന്നും ലളിത സഹസ്രനാമം ഉള്‍പ്പെടെയുള്ള ആത്മീയ ഗ്രന്ഥങ്ങളില്‍ സഹസ്രദള പത്മത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും വിശ്വാസികള്‍ പറയുന്നു. അതുകൊണ്ടു തന്നെ പൂവിന്‍റെ അപൂര്‍വതയ്ക്കൊപ്പം ആത്മീയ പ്രാധാന്യവും ആളുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്. ഓണ്‍ലൈന്‍ വഴി വിത്തുകള്‍ സംഘടിപ്പിച്ചാണ് ശാലിനി ഈ ജലസസ്യം വീട്ടില്‍ വളര്‍ത്തിയത്. സാധാരണയായി സഹസ്രദള പത്മം പൂക്കാന്‍ രണ്ടുവര്‍ഷം വരെ സമയമെടുക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ശാലിനിയുടെ പരിചരണത്തില്‍ നട്ട് നാലാം മാസം തന്നെ പൂവ് വിരിഞ്ഞു.

ഒരു ഹോബിയായാണ് താമരകൃഷി ശാലിനി ആരംഭിച്ചത്. എന്നാല്‍ ഇന്ന് അത് മനോഹരമായ ഒരു പൂന്തോട്ടമായി വളര്‍ന്നു. പനീര്‍ റോസ്, ഹാര്‍ട്ട് ബ്ലഡ്, വൈറ്റ് പിയോണി, ലക്ഷ്മി തുടങ്ങി നിരവധി ഇനം താമരകള്‍ വീട്ടുമുറ്റത്ത് വിരിഞ്ഞുനില്‍ക്കുന്നു. വിവിധയിനം ആമ്പലുകളും ഇവിടെയുണ്ട്. ഇതോടൊപ്പം 30ലധികം ഇനം പൂച്ചെടികളും നിരവധി ഇനം റോസാപ്പൂക്കളും ശാലിനിയുടെ പൂന്തോട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നു. പൂക്കളോടുള്ള ഇഷ്ടം ചെറുപ്പം മുതല്‍ ഉണ്ടായിരുന്നുവെന്ന് ശാലിനി പറയുന്നു. പൂന്തോട്ടത്തോടൊപ്പം വെല്‍വെറ്റ് ആപ്പിള്‍ ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും ഇവര്‍ വളര്‍ത്തുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള മിക്ക പച്ചക്കറികളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നു. നാടന്‍ കോഴി വളര്‍ത്തലും മുയല്‍ വളര്‍ത്തലും മറ്റൊരു ഹോബിയായും തുടരുന്നു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ ശാലിനി ജോലി തിരക്കുകള്‍ക്കിടയിലും രാവിലെയും രാത്രിയുമായാണ് പൂന്തോട്ടപരിചരണത്തിനും കൃഷിക്കും സമയം കണ്ടെത്തുന്നത്. ഭര്‍ത്താവ് എം.വിനോദ് കുമാറും ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന മക്കളായ എ.അര്‍ജുനും എ.കൗശിക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഒപ്പമുണ്ട്. അപൂര്‍വമായ സഹസ്രദള പത്മത്തിന്‍റെ വിരിയല്‍ മാത്രമല്ല, പ്രകൃതിയോടുള്ള സ്നേഹവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍ വീട്ടുമുറ്റം പോലും ഒരു മനോഹര ഉദ്യാനമാക്കി മാറ്റാമെന്ന സന്ദേശം കൂടിയാണ് ശാലിനിയുടെ ഈ പൂന്തോട്ടം നല്‍കുന്നത്.