എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂര്‍ മാണിക്കോത്തെ കരുണാകരന്‍റെ ഭാര്യ യശോദയാണ് (62) മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും ബാധിച്ചാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത്. എന്നാല്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണം കണ്ടെത്തിയതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റ് ഏഴ് പേരും ഇതേ ലക്ഷണങ്ങള്‍ കാണിച്ചതോടെ ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. മേഖലയില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. നേരത്തെ അജാനൂര്‍ മേഖലയില്‍ ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ പൊതുവെ പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്.