പിതാവിന് വേണ്ടി വാങ്ങിവെച്ച ഗുളിക അമിതമായി കഴിച്ച് മകന്‍ മരണപ്പെട്ടു

വെള്ളരിക്കുണ്ട്: പ്രമേഹരോഗമുള്ള അച്ഛന്‍റെ ചികിത്സയുടെ ഭാഗമായി വാങ്ങിവെച്ച ഗുളികകള്‍ അമിതമായി കഴിച്ച് മകന്‍ മരിച്ചു. പുങ്ങംചാല്‍, കാഞ്ഞിരുത്തുങ്കാലിലെ രാജു കുര്യന്‍റെ മകന്‍ ജിന്‍സ് രാജാണ് (28) അമിതമായി ഗുളിക കഴിച്ച് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ജിന്‍സ് രാജിനെ വീട്ടിനകത്ത് കുഴഞ്ഞു വീണ നിലയില്‍ കാണപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കള്‍ വെള്ളരിക്കുണ്ടിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് അമിതമായി മരുന്ന് അകത്തുചെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ ഷുഗറിനുള്ള ഗുളികയുടെ ഒഴിഞ്ഞ കവറുകള്‍ കണ്ടെത്തി. ജിന്‍സ് അമിത മദ്യപാനിയാണെന്ന് പിതാവ് രാജുകുര്യന്‍ വെള്ളരിക്കുണ്ട് പോലീസില്‍ മൊഴി നല്‍കി. അമിതമായി മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതു കാരണം രാജു കുര്യനും ഭാര്യയും കര്‍ണ്ണാടകയില്‍ താമസിച്ച് ടാപ്പിംഗ് ജോലി ചെയ്തു വരികയാണ്. മകള്‍ ജിന്‍സി രാജ് തളിപ്പറമ്പില്‍ ജോലി ചെയ്യുകയാണ്. ജിന്‍സ് രാജിന്‍റെ മരണത്തില്‍ വെള്ളരിക്കുണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.