നീലേശ്വരം: തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എ സന്ദീപ് വാര്യരുടെ ഓഫീസ് നീലേശ്വരത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് തൃക്കരിപ്പൂരില്‍ തന്നെ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലുള്ള കെട്ടിടത്തിലാണ് എംഎല്‍എ ഓഫീസ് ഒരുക്കുന്നത്. കെട്ടിടത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭ സമ്മേളനത്തിന്‍റെ ഭാഗമായി സ്ഥലത്തില്ലാതിരുന്ന എംഎല്‍എ നാളെ തൃക്കരിപ്പിലെത്തും. തുടര്‍ന്ന് ഓഫീസ് ഉദ്ഘാടനത്തിന്‍റെ ദിവസം നിശ്ചയിക്കാനാണ് നീക്കം.
എം എല്‍ എ ഓഫീസ് മണ്ഡലത്തിന്‍റെ മധ്യഭാഗത്തുള്ള നീലേശ്വരത്ത് സ്ഥാപിക്കുകയാണെങ്കില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ നഗരസഭ സന്നദ്ധമാണെന്ന് നഗരസഭ ചെയര്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം വിസ്തൃതമായ ഭൂമിശാസ്ത്രപരിധിയുള്ള മണ്ഡലമാണ്. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് എംഎല്‍എ ഓഫീസ് തൃക്കരിപ്പൂരിലായാല്‍ ഓഫീസിലെത്താന്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരും. എന്നാല്‍ നീലേശ്വരത്തേക്കാണെങ്കില്‍ ദൂരം കുറഞ്ഞ് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും. തൃക്കരിപ്പൂരിലായാല്‍ പല സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് ഒന്നിലധികം ബസുകള്‍ മാറിക്കയറി മണിക്കൂറുകള്‍ യാത്ര ചെയ്ത ശേഷമാണ് തൃക്കരിപ്പൂരിലെത്താന്‍ കഴിയുക. ഇത് സമയനഷ്ടത്തിനും അധിക യാത്രാച്ചെലവിനും കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. പ്രത്യേകിച്ച് വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മലയോര മേഖലയിലെ സാധാരണക്കാര്‍ എന്നിവര്‍ക്ക് ഓഫീസ് സന്ദര്‍ശനം കൂടുതല്‍ പ്രയാസകരമാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇവിടെ എത്തിയ സന്ദീപ് വാര്യര്‍ അന്നു മുതല്‍ തൃക്കരിപ്പൂരില്‍ തന്നെയാണ് താമസിച്ചുവരുന്നത്. തൃക്കരിപ്പൂരില്‍ നിന്നു കൊണ്ട് മത്സരിക്കുകയും സിപിഎം നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ട് അട്ടിമറി വിജയം നേടുകയും ചെയ്തതിനാല്‍ എംഎല്‍എ ഓഫീസ് തൃക്കരിപ്പൂരില്‍ തന്നെ വേണമെന്ന് സന്ദീപ് വാര്യര്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നുവത്രെ.
അതിനിടെ മലയോര മേഖലയിലെ ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഈസ്റ്റ് എളേരിയില്‍ ഒരു സബ് ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മാസത്തില്‍ തിരഞ്ഞെടുത്ത ദിവസങ്ങളില്‍ എംഎല്‍എ സബ് ഓഫീസില്‍ വെച്ച് ജനങ്ങളെ കണ്ടാല്‍ മലയോരവാസികളുടെ പരാതിക്ക് പരിഹരാമാകും.