ഒന്നരവയസുകാരന്‍റെ മരണം: ചികിത്സാ പിഴവുണ്ടായെന്ന് വിദഗ്ധസമിതി

പയ്യന്നൂര്‍: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ മരണത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് പോലീസ്. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയത്. കൂടുതല്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കണോയെന്ന് പോലീസ് ഉടന്‍ തീരുമാനിക്കും. അനസ്തീഷ്യ നല്‍കിയ ഡോക്ടറെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. പീഡിയാട്രിഷ്യന്‍, പ്ലാസ്റ്റിക് സര്‍ജന്‍ എന്നിവരെക്കൂടി പ്രതി ചേര്‍ക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് സ്റ്റിച്ച് ഇടാന്‍ അനസ്തീഷ്യ നല്‍കിയതിന് പിന്നാലെ ബോധരഹിതനാവുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം ജൂലൈ 10ന് കുട്ടി മരിച്ചു. ചികിത്സാ പിഴവ് ഉണ്ടായെന്നായിരുന്നു ആദ്യം വിഷയം പരിഗണിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്.