കോണ്‍വെന്‍റ് ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി അപകടകുഴികള്‍

നീലേശ്വരം: നീലേശ്വരം -എടത്തോട് റോഡിലെ പേരോല്‍ കോണ്‍വെന്‍റ് ജംഗ്ഷനിലെ കുഴികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു. ഈ റോഡിന്‍റെ മെക്കാഡം ടാറിങ് പ്രവര്‍ത്തി ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ചതാണെങ്കിലും കരാറുകാരന്‍റെ അനാസ്ഥ കാരണം പ്രവര്‍ത്തി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. ചായ്യോത്ത് മുതല്‍ നീലേശ്വരം മേല്‍പ്പാലം വരെയുള്ള പ്രവര്‍ത്തികളാണ് ഇതേ തുടര്‍ന്ന് മുടങ്ങിയത്. തുടര്‍ന്ന് കരാറുകാരനെ അയോഗ്യനാക്കുകയും വീണ്ടും എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ വിളിക്കുകയും ചെയ്തെങ്കിലും ഏറ്റെടുക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടായത്. പിന്നീട് വീണ്ടും ടെണ്ടര്‍ വിളിച്ചു. ഇതില്‍ കരാറുകാരുടെ ക്വാളിഫിക്കേഷന്‍ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അനന്തമായി നീളുന്നതാണ് റോഡ് പണി ആരംഭിക്കാന്‍ വൈകാന്‍ കാരണം. സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാര വിതരണവും നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മെക്കാഡം റോഡ് പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടതിനാല്‍ മറ്റുതരത്തില്‍ ഇവിടെ അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല. കാലവര്‍ഷം ആരംഭിച്ചതോടെ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞാല്‍ കുഴിയറിയാതെ ചെറിയ വാഹനങ്ങള്‍ ഇതില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുന്നു. ഇതിനിടയില്‍ പേരോല്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ധനസമാഹാരം നടത്തി കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലിക പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും പൂര്‍ത്തിയായിട്ടില്ല. ഏതു വിധേനയായാലും കോണ്‍വെന്‍റ് ജംഗ്ഷനിലെ കുഴികള്‍ മൂടാന്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് വാഹന ഉടമകളും നാട്ടുകാരും ആവശ്യപ്പെടുന്നത്.