കാസര്‍കോട്: റിട്ട. പ്രധാന അധ്യാപകനും കാസര്‍കോട് നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും എസ്.ടി.യു നേതാവുമായ ഇ. അബ്ദുല്‍ റഹ്മാന് കുഞ്ഞി മാസ്റ്റര്‍ (81) അന്തരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുല്‍ റഹ്മാന് കുഞ്ഞി മാസ്റ്റര്‍ 1972ലാണ് അധ്യാപകനായി കാസര്‍കോട്ടെത്തുന്നത്. രണ്ട് വര്‍ഷം നായന്മാര്മൂല ടി.ഐ.എച്ച്.എസില്സേവനം അനുഷ്ഠിച്ചു. പിന്നീട് 1976 മുതല്‍ ബെദിര പാണക്കാട് പൂക്കോയ തങ്ങള്‍ എല്‍.പി സ്കൂളിലെ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2002 വരെ ഇവിടെ പ്രധാന അധ്യാപകനായി സേവനം ചെയ്ത മാഷ് അതിനിടെ ബെദിര പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സേവന രംഗത്ത് നായകന് കൂടിയായി മാറി. മൂന്നുതവണ കാസര്‍കോട് നഗരസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും നഗരസഭയില്‍ മൂന്ന് കാലയളവുകളിലായി വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. മുസ്ലിംലീഗ് തുരുത്തി വാര്‍ഡ് പ്രസിഡണ്ട്, മുനിസിപ്പല്‍ സെക്രട്ടറി, സ്വതന്ത്ര തൊഴിലാളി യൂണിയന് എസ്.ടി.യു ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ചാല ബദര്‍ മസ്ജിദ് പ്രസിഡണ്ട്, ബെദിര ജമാഅത്ത് ട്രഷറര്‍. ചാല മഖാം പരിപാലന കമ്മിറ്റി കണ്‍വീനര്‍, ചാല ലജ്നത്തുല്‍ ഇര്‍ഷാദ് അസോസിയേഷന് ഉപദേശക സമിതി ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സജീദ് (ദുബായ്), സദര്‍ റിയാസ് (സബ് എഞ്ചിനീയര്‍ കെ.എസ്.ഇ.ബി), സജീം (എഞ്ചിനീയര്‍ ദുബായ്), സാജിദ. മരുമക്കള്‍: കുഞ്ഞാലി ഇസ്സത്ത്നഗര്‍ (കെ.എസ്.എഫ്.ഇ), തസ്നീമ (അധ്യാപിക, ടി.ഐ.എച്ച്.എസ് നായന്മാര്മൂല), ജസീന(അധ്യാപിക, ജി.എച്ച്.എസ്.എസ് ആലംപാടി), റൈസ (എഞ്ചിനീയര്‍ ദുബായ്). മയ്യത്ത് രാത്രി ഏഴരയോടെ ഖബറടക്കും.
ഇ.അബ്ദുല്റഹ്മാന്കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു