കാസര്‍കോട്: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ സ്വദേശി കെ.രജീഷിനെയാണ് (40) കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മംഗലാപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയെയാണ് പ്രതി ഉപദ്രവിച്ചത്. വടകരയില്‍ നിന്ന് സുഹൃത്തിനൊപ്പം ഡോക്ടറെ കാണാന്‍ പോവുകയായിരുന്നു യുവതി. പ്രതിയും ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിന്‍ ചെറുവത്തൂര്‍ വിട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന യുവതിയെ പലതവണ ഉപദ്രവിക്കുകയായിരുന്നു. സഹിക്കാന്‍ പറ്റാതെ വന്നതോടെ യുവതി ബഹളം വെച്ചു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ യുവാവിനെ തടഞ്ഞുവച്ച് കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരം അറിയിച്ചു. ട്രെയിന്‍ കാസര്‍കോട് എത്തിയപ്പോള്‍ എസ് ഐ കെ.രാജീവന്‍റെ നേതൃത്വത്തില്‍ ഇന്‍റലിജന്‍സ് എസ്ഐ സനില്‍കുമാര്‍, എ എസ് ഐ ഗംഗാധരന്‍, സിപിഒ ഷാനവാസ്, ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ പ്രകാശ് ബാബു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ട്രെയിനില്‍ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്ററില്‍