രാജാസ് സ്കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പ് തര്‍ക്കം നിയമ നടപടികളിലേക്ക്

നീലേശ്വരം: രാജാസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം നിയമനടപടികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് അഞ്ച് രക്ഷിതാക്കള്‍ വിവിധ അധികാരികള്‍ക്ക് പരാതി നല്‍കി. ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (കണ്ണൂര്‍), ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി, നഗരസഭ ചെയര്‍മാന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പി.ടി.എ ഭാരവാഹി സമിതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ഏകദേശം 1,500 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ 1,400ലധികം രക്ഷിതാക്കള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ വെറും 110 ഓളം പേരാണ് പങ്കെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. ഇതില്‍ 45 ഓളം പേര്‍ അധ്യാപകരായിരുന്നുവെന്നും യോഗത്തിന് ആവശ്യമായ ക്വാറം ഉണ്ടായിരുന്നില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

പി.ടി.എ കമ്മിറ്റിയിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നതോടെ യോഗത്തില്‍ വാക്കേറ്റവും പ്രതിഷേധവും ശക്തമായി. നിലവിലുള്ള സമിതി അവതരിപ്പിച്ച പാനലിന് പുറമെ മറ്റൊരു ബദല്‍ പാനലും അവതരിപ്പിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അത് അംഗീകരിക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പലും ഹെഡ്മാസ്റ്ററും തയ്യാറായില്ലെന്നാണ് ആരോപണം. ഇതിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ മുന്‍ പി.ടി.എ പ്രസിഡന്‍റ് വേദിയിലെത്തി അവതരിപ്പിച്ച പാനല്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് അത് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് അവസരം നല്‍കാതെയും ഒരു വിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്ന രീതിയിലുമാണ് നടപടികള്‍ നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. യോഗത്തിനിടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. തുടര്‍ന്ന് നിര്‍ത്തിവെച്ച യോഗത്തിന് ശേഷം കമ്മിറ്റി അംഗങ്ങള്‍ മാത്രം ചേര്‍ന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതായും പരാതിക്കാര്‍ പറയുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരവാഹി സമിതി റദ്ദാക്കി കൂടുതല്‍ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വിപുലമായ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ത്ത് ജനാധിപത്യ രീതിയില്‍ പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.