നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ചാത്തമത്ത് പ്രദേശത്ത് സ്ഥിരീകരിച്ച ഷിഗെല്ല രോഗബാധ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും അതിനുശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ചാത്തമത്ത് നടന്ന ഒരു കുടികൂടല്ച്ചടങ്ങില് പങ്കെടുത്ത് ഭക്ഷണം കഴിച്ചവരില്‍ 75 പേരാണ് വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ലബോറട്ടറി പരിശോധനയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സയും നിരീക്ഷണവും തുടരുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഉന്നതതല അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പ്, നഗരസഭ, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പ്രതിരോധ നടപടികളുടെ ഭാഗമായി ചാത്തമത്ത് പ്രദേശത്തെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷന് നടത്തി. പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും നിരീക്ഷണവും തുടരുന്നുണ്ട്. കുടിവെള്ളം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വവും ഭക്ഷ്യശുചിത്വവും കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പുതിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ വൈകാതെ സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചാത്തമത്ത് ഷിഗെല്ല നിയന്ത്രണവിധേയം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി