ചരിത്രത്തിലേക്കുള്ള പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്ര തുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദര്‍ശിനിക്ക് തുടക്കമായി. പ്രിയദര്‍ശിനി പദ്ധതിയായ ചരിത്രത്തിലേക്കുള്ള ഈ യാത്ര രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഞങ്ങളുടെ സര്‍ക്കാരിന്‍റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം. മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചുവെന്നും ചിട്ടി ചേരാന്‍ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ സാമ്പത്തിക ബാധ്യതയില്‍ ആകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഓര്‍ഡിനറി ബസുകളില്‍ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയായിരുന്നു ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. അതേസമയം 'പ്രിയദര്‍ശിനി' പദ്ധതിയുടെ ഉദ്ഘാടന പരിപാടിയില്‍ സിപിഎം പങ്കെടുത്തില്ല. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഡിപ്പോയില്‍ കല്ലട്ര മാഹിന്‍ഹാജി എംഎല്‍എ നിര്‍വ്വഹിച്ചു. സ്തീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയാനായി ബസുകളില്‍ 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്‍റ് ടു പോയിന്‍റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. സൗജന്യ യാത്ര ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് ഓര്‍ഡിനറി സര്‍വീസ് ഉള്ളത് മലപ്പുറത്താണ്. ഓര്‍ഡിനറിയും ടിടിയും ഉള്‍പ്പെടെ ആകെ 87 ബസുകളില്‍ മാത്രമാണ് സൗജന്യ യാത്ര. ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള മലപ്പുറത്ത് സര്‍വീസുകള്‍ കൂട്ടണമെന്നാണ് ഉയരുന്ന ആവശ്യം. സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതില്‍ പ്രതിഷേധിക്കുന്ന മെന്‍സ് അസോസിയേഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മെന്‍സ് അസോസിയേഷന്‍ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കില്‍ മിച്ചം വരുന്ന പൈസ വീട്ടില്‍ എത്തും. പക്ഷേ പുരുഷനാണെങ്കില്‍ ഈ പൈസ കുറച്ച് പേര് വീട്ടില്‍ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.