വൈദ്യുതി മോഷണം; വീട്ടുടമക്കെതിരെ കേസ്

ആദൂര്‍: വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വൈദ്യുതി മീറ്ററില്‍ രേഖപ്പെടുത്താതെ അനധികൃതമായി വയര്‍ ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ച് കെഎസ്ഇബിക്ക് 22,242 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ബോവിക്കാനം ഫിഷ് മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ബറാണി അബ്ബാസിന്‍റെ മകന്‍ ബി. അബ്ദുല്‍ ഹമീദിനെതിരെയാണ് കേസ്. ചെര്‍ക്കള ഇലക്ട്രിക്കല്‍ സബ് ഡിവിഷനു കീഴിലുള്ള ചെര്‍ക്കള കെഎസ്ഇബി ഓഫീസിന്‍റെ പരിധിയിലെ ഉപഭോക്താവാണ് ഇയാള്‍.

കെഎസ്ഇബി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.കെ. സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2024 ജനുവരി മുതല്‍ ഈ മാസം കഴിഞ്ഞ ദിവസം വരെയുള്ള കാലയളവില്‍ ഇലക്ട്രിക്കല്‍ ലൈനില്‍നിന്ന് നേരിട്ട് രണ്ട് വയറുകള്‍ ഉപയോഗിച്ച് വൈദ്യുതി ചോര്‍ത്തി മോഷണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. മീറ്ററില്‍ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താതെയുള്ള അനധികൃത ഉപയോഗത്തിലൂടെ കെഎസ്ഇബിക്ക് 22,242 രൂപയുടെ നഷ്ടമുണ്ടായതായും പരാതിയില്‍ ആരോപിക്കുന്നു.