ബിരിക്കുളം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ബിരിക്കുളം കടലാടിപ്പാറയില്‍ ചെങ്കല്‍ ക്വാറിക്ക് നീക്കം. ഒറ്റ ദിവസം കൊണ്ട് പാറപൊളിച്ച് മാറ്റി. സമീപവാസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പാറപൊളിച്ച് നീക്കുകയാണുണ്ടായത്. ഇവിടെ ക്വാറി തുടങ്ങാനുള്ള നീക്കം അതീവ രഹസ്യമായാണ് നടത്തുന്നത്. നൂറുകണക്കിന് സസ്യ, ജന്തു ജാലമുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണ് കടലാടിപ്പാറ. നീലേശ്വരം പുഴയുടെ പ്രധാന പോഷക വഴികള്‍ തുടങ്ങുന്നത് കടലാടിപ്പാറയുടെ താഴ്വാരങ്ങളില് നിന്നാണ്. കുമ്പളപ്പള്ളി ചാല് കടലാടിപ്പാറയുടെ വടക്ക് ഭാഗത്ത് ബിരിക്കുളം വയലില്‍ നിന്നും, കാറളം ചാല് കടലാടിപ്പാറയുടെ തെക്ക് ഭാഗത്ത് നിന്നും ഉത്ഭവിക്കുന്നു. കാളിയാനം വരഞ്ഞൂര്‍ വട്ടക്കല്ല് ചാലിന്റെ പ്രധാന ഭാഗവും കടലാടിപ്പാറയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്.
പല കാലങ്ങളിലായി ഉണ്ടായ റവന്യൂ ഉദ്യോഗസ്ഥര്‍ കടലാടിപ്പാറയുടേയും ചെങ്കല്പ്പാറയുടേയും പരിസ്ഥിതി പ്രാധാന്യം മനസിലാക്കാതെ ഇവിടെയുള്ള റവന്യൂ ഭൂമി സൈനികര്ക്കുള്പ്പടെ പതിച്ചു നല്‍കുകയായിരുന്നു. സ്ഥലം പതിച്ചു കിട്ടിയവര്‍ മിക്കവരും മറിച്ചു വില്‍ക്കുകയാണ് പതിവ്. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്നും വ്യാപകമായി ചെങ്കല്‍ ഖനനം നടത്തി കടത്തുകയാണ്. പലപ്പോഴും ആവശ്യപ്പെട്ടാലും നാട്ടുകാര്‍ക്ക് കല്ല് ലഭിക്കാറുമില്ലെന്ന് പറയുന്നു. കടലാടിപ്പാറയില്‍ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.