നിര്‍മ്മാണത്തിലെ അപാകത: പൊടോതുരുത്തി-ചീറ്റക്കാല്‍ റോഡ് പുഴയായി

നീലേശ്വരം: കാലവര്‍ഷം ശക്തമായതോടെ നീലേശ്വരം നഗരസഭയിലെ പൊടോതുരുത്തി പഴയ പൂഴിക്കടവ് ചീറ്റക്കാല്‍ റോഡ് പുഴയായി മാറി. ഓവുചാല്‍ നിര്‍മ്മാണത്തിലെ അപാകതയാണ് ഈ ഒരു ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ കാലത്താണ് നഗരസഭ 29 ലക്ഷം രൂപ മുടക്കി ഈ റോഡിലെ ഓവുചാല്‍ നവീകരിച്ചത്. നിലവിലുള്ള റോഡിനെക്കാളും ഉയരത്തിലാണ് ഓവുചാല്‍ നിര്‍മ്മിച്ചത്. അപ്പോള്‍ തന്നെ ഇതിലൂടെ വെള്ളം ഒഴുകി പോകാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും കരാറുകാരന്‍ ഗൗനിച്ചില്ലത്രെ. അതിനുശേഷം റോഡ് നവീകരിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുക കുറവായതിനാല്‍ കരാര്‍ എടുക്കാന്‍ ആളുണ്ടായില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മഴ ശക്തമായതോടെ ഒരു തുള്ളി വെള്ളം പോലും ഓവുചാലിലൂടെ പോകുന്നില്ല വെള്ളം മുഴുവനും പുഴയായി ഒഴുകുന്നത് റോഡിലൂടെയാണ്. മഴവെള്ളത്തോടൊപ്പം മണ്ണും കല്ലും ചരലുകളും ഒഴുകി സമീപത്തെ വീട്ടുപറമ്പുകളില്‍ കുന്നു കൂടുകയാണ് ചെയ്യുന്നത്. ഇത് നീക്കം ചെയ്യാനും വീട്ടുകാര്‍ക്ക് പണം മുടക്കേണ്ട അവസ്ഥയാണ്.