മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ പിതാവ് അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്‍റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9:45 ഓടെ ആയിരുന്നു അന്ത്യം. എല്‍ഐസി സോണല്‍ മാനേജര്‍ ആയിരുന്നു.

കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേല്‍ തറവാട് സ്വദേശിയായിരുന്നു ശാന്തകുമാരന്‍ നായര്‍. നിലവില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം നാളെ കോതമംഗലത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും. നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. തുടര്‍ന്ന് വൈകീട്ട് നാലുമണിയോടെ സംസ്കാരച്ചടങ്ങുകള്‍ നടക്കും. ടി.എന്‍. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ മക്കളാണ്. കല്‍പ്പന, ക്യാപ്ടന്‍ സജിത്ത്, മധു ബാലകൃഷ്ണന്‍, ദുവനേശ്വരി എന്നിവര്‍ മരുമക്കളാണ്.