ചുഴലിക്കാറ്റ് 1,80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് ചുഴലിക്കാറ്റിന്‍റെ ബാഹ്യ ഭാഗം കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമാണ് കരതൊട്ടത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്,ഒഡിഷ, ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയും കാറ്റുമാണ് ലഭിക്കുന്നത്. ഇവിടെ അതീവ ജാഗ്രത തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂര്‍ത്തിയായത്. ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ വിശാഖപട്ടണം, കാക്കിനട, ഗോദാവരി മേഖലകളില്‍ കനത്ത നാശനഷ്ടങ്ങളും പേമാരിയും റിപ്പോര്‍ട്ട് ചെയ്തു.

ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 72 ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കി. മണിക്കൂറില്‍ 125 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

ആന്ധ്രാപ്രദേശില്‍ 2199 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഒഴിപ്പിക്കല്‍ നടപടി നടത്തിയത്. ഇതിനകം 1351 ഗര്‍ഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 12 എന്‍ഡിആര്‍എഫ് സംഘങ്ങളെയും 10 എസ്ഡിആര്‍എഫ് സംഘങ്ങളെയും വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘങ്ങള്‍ എന്നിവര്‍ക്ക് പുറമെ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സേവനവും ഉറപ്പാക്കി. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി 8400 ജീവനക്കാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. 1087 മെഡിക്കല്‍ സംഘങ്ങളെയും 1274 ആംബുലന്‍സുകളും സജ്ജമാക്കി. രണ്ട് മാസത്തേക്ക് ആവശ്യമായ അവശ്യസാധനങ്ങള്‍ 14686 റേഷന്‍ കടകളില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോനസീമ ജില്ലാ കലക്ടര്‍ ആര്‍. മഹേഷ് കുമാര്‍ മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി.

ഒഡിഷയില്‍ 16 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 48000 ആളുകളെയാണ് ഇവിടെ മാറ്റി പാര്‍പ്പിച്ചു. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവ സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനികള്‍ വ്യക്തമാക്കി. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലെ ഇന്‍ഡിഗോ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു.